ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് ആർ.മണിക്കുട്ടൻ്റെ നിരാഹാര സമരം അഞ്ചാം ദിനത്തിലും തുടരുന്നു
യൂണിയൻ ഭരണസമിതിയുടേയും കാലാവധി അവസാനിച്ച കരയോഗങ്ങളുടേയും പ്രതി നിധിസഭാംഗത്തിൻ്റേയും തെരഞ്ഞെടുപ്പുകൾ സമയബന്ധിതമായി നടത്തുക എന്ന ആവശ്യം മുൻപോട്ട് വച്ചുകൊണ്ടാണ് സെപ്‌തം. 16 ന് ഉത്രാടംദിനത്തിൽ രാവിലെ 10 മുതൽ ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് ആർ.മണിക്കുട്ടൻ നിരാഹാര സമരം ആരംഭിച്ചത്.
തെരഞ്ഞെടുപ്പ് നടത്തുവാൻ തയ്യാറല്ലെങ്കിൽ ഹൈറേഞ്ചിലെ സംഘടനാപ്രവർത്തനം രേഖാമൂലം ഏറ്റെടുത്ത് അതിൻ്റെ ബാദ്ധ്യതകൾ തീർക്കുവാനും നിർമ്മാണത്തിലിരിക്കുന്ന ശ്രീപത്മനാഭപുരം ധർമ്മപാഠശാല സമയബന്ധിതമായി പൂർത്തീകരിക്കുവാനും നേത്യത്വം തയ്യാറാകണം. അല്ലെങ്കിൽ ശ്രീപത്മനാഭപുരം ധർമ്മപാഠശാല അതിന് പണം മുടക്കിയവർക്ക് നിരുപാധികം വിട്ടുനൽകണം.
നിരാഹാര സമരം അഞ്ചാം ദിവസമായതോടെ മണിക്കുട്ടൻ്റെ ആരോഗ്യ നില മോശമായി തുടങ്ങിയതായും ഉടൻപ്രശ്‌നപരിഹാരത്തിന് എൻ എസ് എസ് നേതൃത്വം തയ്യാറാകണമെന്നും യൂണിയൻ സെക്രട്ടറി എ.ജെ. രവീന്ദ്രൻ ആവശ്യപ്പെട്ടു.എൻ എസ് എസ് നേതൃത്വവും ഹൈറേഞ്ച് യൂണിയനുമായുള്ള പ്രശ്‌നം പരിഹരിക്കാൻ 27 മാസം പിന്നിട്ടിട്ടും എൻ.എസ്.എസ് നേതൃത്വം ചർച്ചക്കോ, അനുരഞ്ജനത്തിനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടൻ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. സമരപന്തലിനുസമീപം ചിതയൊരുക്കിയാണ് നിരാഹാര സമരം പുരോഗമിക്കുന്നത്. സമരം മുന്നോട്ടു വയ്ക്കുന്ന ആവശ്യത്തിന് പരിഹാരമുണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇദ്ദേഹം.