കാവ്യസപര്യയ്ക്ക് അഞ്ച് പതിറ്റാണ്ട്; സപ്തതി നിറവിൽ കവി സുഗതൻ കരുവാറ്റ
കട്ടപ്പന:ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ നിന്നും ഇടുക്കിയിലെ കട്ടപ്പനയിലേയ്ക്കെത്തി ഹൈറേഞ്ചിന്റെ കാവ്യലോകത്ത് വസന്തം വിരിയിച്ച കവിയാണ് സുഗതൻ കരുവാറ്റ.കവിതാ രചനയുടെ ലോകത്ത് അഞ്ച് പതിറ്റാണ്ട് തികയുമ്പോൾ സപ്തതി നിറവിലാണ് കവി.സ്കൂൾ കാലഘട്ടം മുതൽ തന്നെ ഇദ്ദേഹം കവിതാരചനയിൽ കഴിവ് തെളിയിച്ചിരുന്നു. അമ്പലപ്പുഴ വായനശാലയുടെ മാസികയായ യമുനയിലാണ് 1971-ൽ ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്.പിന്നീട് മനോരമ ആഴ്ചപ്പതിപ്പിലും,മംഗളം,സഖി,മാതൃഭൂമി, ദേശാഭിമാനി,കൗമുദി പ്രസിദ്ധീകരണങ്ങളിലെല്ലാം സുഗതൻ കരുവാറ്റയുടെ കവിതകൾ അച്ചടിച്ചു വന്നു.1980-ല്‍ ഇടുക്കി ജില്ലയിലേക്കെത്തി കട്ടപ്പനയിൽ സ്ഥിര താമസമാക്കി.കായൽ ഓളങ്ങളുടെ താളമാണ് സുഗതൻ കരുവാറ്റയുടെ കവിതകൾക്ക്.ലളിത സുന്ദരമായ പദങ്ങളുടെ വിന്യാസം വരികൾക്ക് നൽകുന്ന ഭംഗി ചെറുതല്ല.കവിതയുടെ പാരമ്പര്യ വഴികളെ അഭിമാനത്തോടെയും ബഹുമാനത്തോടെയും കാണുന്ന സുഗതൻ കരുവാറ്റയ്ക്ക് പുതു കവിതാ വഴികളും നന്നായി വഴങ്ങും. കുട്ടനാടൻ ഗ്രാമസൗന്ദര്യത്തിന്റെ ഉപാസകനാണ് കവി. അവിടുത്തെ സമര പോരാട്ടങ്ങളിൽ നിന്നും സ്വീകരിച്ച ഊർജമാണ് സുഗതൻ കരുവാറ്റ യുടെ കവിതകളുടെ കരുത്ത്.ഇടുക്കിയുടെ മലനിരകളെ കവിതയുടെ പുതുതാളത്താൽ ഉണർത്തിയ സുഗതൻ കരുവാറ്റ പ്രൊഫഷണൽ, അമച്വർ നാടക സമിതികൾക്കായി ഗാനരചന നടത്തിക്കൊണ്ടായിരുന്നു സാഹിത്യ രംഗത്തേക്ക് കടന്നുവന്നത്.ആകാശവാണി നിലയങ്ങളിൽ നിരവധി കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്.മ്യൂസിക്കൽ ആൽബങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കുമായി ഗാനരചന നിർവഹിക്കുന്നു. രാഗസന്ധ്യ,കായൽ, നയമ്പ് എന്നീ മൂന്ന് കവിതാ സമാഹാരങ്ങൾ സുഗതൻ കരുവാറ്റയുടേതായി പുറത്തിറങ്ങി.ഇടുക്കി ജില്ലയിലെ സാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമായ സുഗതൻ കരുവാറ്റ ഒ.എൻ.വി കുറുപ്പ്, കടമിനിട്ട രാമകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ, ഡി.വിനയചന്ദ്രൻ, മധുസൂദനൻ നായർ തുടങ്ങിയ പ്രമുഖ കവികളോടൊപ്പം കവിയരങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. പ്രതിഷേധവും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം ആവോളം നിറച്ചതാണ് സുഗതൻ കരുവാറ്റയുടെ കവിതകളേറെയും.
ആകാശവാണി നിലയം, മംഗളം സാഹിത്യ വേദി, അമ്പലപ്പുഴ അനുപമ തീയേറ്റേഴ്സ്,ഇൻഫാം, നിസ്തുല നാടകവേദി, കുമാരനാശാൻ മെമ്മോറിയൽ ക്ലബ്ബ് എന്നിവ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം ഇടുക്കി ജില്ലാ പ്രസിഡൻ്റ്,സംസ്ഥാന കമ്മിറ്റി അംഗം,കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ ഇടുക്കി ജില്ലാ സെക്രട്ടറി,കേരള സംസ്ഥാന കലാകാര സഹകരണസംഘം എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സി.പി.എം കട്ടപ്പന ഏരിയ കമ്മിറ്റിയംഗമായ പൊന്നമ്മയാണ് ഭാര്യ. തിരുവനന്തപുരം ടെക്നോപാർക്കിലെ ജീവനക്കാരനായ സൂര്യജിത്ത്, അഭിനേതാവും മാധ്യമ പ്രവർത്തകനുമായ സൂര്യലാൽ എന്നിവരാണ് മക്കൾ. മാധ്യമ പ്രവർത്തകയായ ജിഷ സൂര്യ, അധ്യാപികയായ ശ്യാമ സൂര്യലാൽ എന്നിവർ മരുമക്കളും ഇഷാൻ സൂര്യ, അഹാൻ സൂര്യ എന്നിവർ കൊച്ചുമക്കളുമാണ്. പ്രകൃതിയുടെ നിറവിലൂടെയും വറുതിയിലൂടെയുമുള്ള കവിതകളിലൂടെ സുഗതൻ കരുവാറ്റയുട സഞ്ചാരം തുടരുകയാണ്.