റോഡിൽ മാലിന്യം തള്ളി; നാട്ടുകാരും പൊലീസും ചേർന്ന് തിരിച്ചെടുപ്പിച്ചു
വണ്ണപ്പുറം : ആലപ്പുഴ-മധുര സംസ്ഥാനപാതയിൽ കമ്പകക്കാനത്ത് മാലിന്യംതള്ളൽ. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വെളുപ്പിന് ടോറസിൽ കൊണ്ടുവന്ന മാലിന്യം വഴിയോരത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇടവെട്ടിയിലെ ആക്രിക്കടയിൽനിന്ന് കൊണ്ടുവന്ന പുനരുപയോഗയോഗ്യമല്ലാത്ത വസ്തുക്കളാണ് റോഡരികിലുപേക്ഷിച്ചത്.
മാലിന്യം തള്ളിയ പെരുമ്പാവൂർ സ്വദേശി ഷെമീറിനെ വിളിച്ചെങ്കിലും വാഹനം അയച്ചതല്ലാതെ നേരിട്ട് ഹാജരായില്ല. തുടർന്ന് മാലിന്യം കയറ്റിയ ടോറസ് കാളിയാർ പോലീസ് കസ്റ്റഡിയിലെടുത്തു.
മാലിന്യത്തിൽനിന്ന് കിട്ടിയ ഫോൺനമ്പർപ്രകാരം അന്വേഷിച്ചപ്പോൾ, മാലിന്യം എത്തിച്ചത് ഇടവെട്ടിയിൽനിന്നാണെന്ന് മനസ്സിലായി. മാലിന്യം ഏറ്റെടുക്കാൻ തയ്യാറായിവന്ന ടോറസ്ഡ്രൈവർക്ക് 22,000 രൂപ നൽകിയാണ് മാലിന്യം കൈമാറിയതെന്നറിയിച്ച് ഡ്രൈവറുടെ ഫോൺ നമ്പറും ഇയാൾ കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജഗദമ്മ വിജയൻ, സെക്രട്ടറി സുബൈർ, അസിസ്റ്റൻറ് സെക്രട്ടറി മല്ലിക, പോലീസുദ്യോഗസ്ഥരായ സി.ഐ. ബി.പങ്കജാക്ഷൻ, പ്രിൻസിപ്പൽ എസ്.ഐ. ജോബി കെ.എസ്., അഡീഷണൽ എസ്.ഐ. ബിജു െജയിംസ്, എ.എസ്.ഐ. ബിജുമോൻ, പ്രമോദ്, സിവിൽ പോലീസ് ഓഫീസർ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.